പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
ഗിരീഷ് പുത്തഞ്ചേരിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഡോക്ടര്‍മാര്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മലയാളത്തിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിലൊരാളായ ഗിരീഷ് പുത്തഞ്ചേരി 1961ല്‍ കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയിലാണ് ജനിച്ചത്. ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങള്‍ രചിച്ചു കൊണ്ട് ഗാനരചനാ മേഖലയിലേക്ക് പ്രവേശിച്ചു. നാനൂറോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ച ഗിരീഷ് പുത്തഞ്ചേരിക്ക് ഏഴു തവണ മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
വടക്കുംനാഥന്‍, പല്ലാവൂര്‍ ദേവനാരായണന്‍, കിന്നരിപ്പുഴയോരം എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. ‘മേലേപ്പറമ്പില്‍ ആണ്‍വീട്’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ കഥ പുത്തഞ്ചേരിയുടേതാണ്. മോഹന്‍ലാലിനായി ഒരു സിനിമയുടെ തിരക്കഥാരചനയിലാണ് പുത്തഞ്ചേരി. ‘രാമന്‍ പൊലീസ്’ എന്ന കഥാപാത്രമാണ് ഈ തിരക്കഥയില്‍ മോഹന്‍ലാലിന്‍റേത്. ഷാജി കൈലാസോ ഗിരീഷ് പുത്തഞ്ചേരി സ്വയമോ ഈ ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചനകള്‍.
‘സാഗര്‍ എലിയാസ് ജാക്കി’ ഹിറ്റ് സിനിമയായിരുന്നെന്ന് സംവിധായകന്‍ അമല്‍ നീരദ്. ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമല്‍ തന്‍റെ ചിത്രം വിജയമായിരുന്നെന്ന അവകാശവാദം ഉന്നയിച്ചത്.
“വിമര്‍ശനങ്ങള്‍ ഏറെ ഉണ്ടായെങ്കിലും കാശുണ്ടാക്കിയ ചിത്രമാണ് സാഗര്‍ എലിയാസ് ജാക്കി. ആ സിനിമയ്ക്ക് ചില കുഴപ്പങ്ങള്‍ ഉണ്ടായിരുന്നതായി ഞാന്‍ സമ്മതിക്കുന്നു. മലയാള സിനിമയുടെ ചട്ടക്കൂട്ടിലേക്ക് ജാക്കിയെ ഒതുക്കി നിര്‍ത്താന്‍ ഞാന്‍ നിര്‍ബന്ധിതനായി. അത് എത്രമാത്രം ശരിയായെന്ന് എനിക്ക് സംശയമുണ്ട്” – അമല്‍ നീരദ് പറയുന്നു.
ആദ്യ സിനിമയായ ‘ബിഗ് ബി’ കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം സിനിമ ചെയ്യാതെ ഇരിക്കുകയായിരുന്നു താനെന്നും അതിനാലാണ് സാഗര്‍ എലിയാസ് ജാക്കി പാളിപ്പോയതെന്നും അമല്‍ നീരദ് ന്യായീകരിക്കുന്നുമുണ്ട്. തന്‍റെ പുതിയ ചിത്രമായ ‘അന്‍വര്‍’ ജാക്കിക്കു പറ്റിയ പാളിച്ചകള്‍ പരിഹരിച്ചുകൊണ്ടാണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അമല്‍ പറയുന്നു. മൂന്നരക്കോടി രൂപയില്‍ താഴെ മാത്രമായിരിക്കും അന്‍വറിന്‍റെ നിര്‍മ്മാണച്ചെലവെന്നും അമല്‍ ഉറപ്പിച്ചു പറയുന്നു.
ഏറെ ഫ്ലക്സിബിളായ മോഹന്‍ലാല്‍ എന്ന നടനെ തീര്‍ത്തും ഉപയോഗിക്കാതെ ലാലെന്ന താരത്തെ മാത്രം മുന്നില്‍ കണ്ട് സൃഷ്ടിച്ച ചിത്രമായിരുന്നു സാഗര്‍ എലിയാസ് ജാക്കി. സ്ലോമോഷന്‍ രംഗങ്ങള്‍ പ്രേക്ഷകരുടെ ക്ഷമ കെടുത്തുന്ന വിധത്തില്‍ കുത്തിനിറച്ചു. ആറുകോടിയിലധികം മുതല്‍ മുടക്കിയാണ് ആന്‍റണി പെരുമ്പാവൂര്‍ സാഗര്‍ എലിയാസ് ജാക്കി നിര്‍മ്മിച്ചത്. എന്നാല്‍ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന മെഗാഹിറ്റിന്‍റെ പേര് കളയാന്‍ മാത്രമേ ഈ രണ്ടാം ഭാഗം സഹായകമായുള്ളൂ.
നടന്‍ തിലകനെതിരെ ശക്തമായ നടപടിക്ക് സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക ഒരുങ്ങുന്നു. ഫെഫ്കയ്ക്കും മമ്മൂട്ടിക്കുമെതിരെ തിലകന്‍ നടത്തിയ പരസ്യപ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് നടപടി.
ഫെഫ്കയ്ക്കും സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കുമെതിരെ തിലകന്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഫെഫ്ക തിലകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിലകന്‍ അതിന് തയ്യാറായില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
തിലകനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ഫെഫ്കയുടെ അടുത്ത ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമാകും. എന്നാല്‍ ഫെഫ്കയുടെ അറിയിപ്പിനോട് തിലകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മമ്മൂട്ടിയും ഫെഫ്കയും തന്നെ സിനിമയില്‍ നിന്ന് വിലക്കുകയാണെന്നും ആ വിലക്കുകള്‍ക്കെതിരെ ഉപരോധമുള്‍പ്പടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും തിലകന്‍ പ്രസ്താവിച്ചിരുന്നു. മാത്രമല്ല, മമ്മൂട്ടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ തിലകന്‍ ആരോപണമുന്നയിക്കുകയുണ്ടായി. ഇത് പിന്‍വലിക്കണമെന്നാണ് ഫെഫ്കയുടെ ആവശ്യം.
എന്നാല്‍ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്ക് ഏതു രീതിയിലാണ് തിലകനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുക എന്ന് വ്യക്തമല്ല. ഈ നടപടിയെ താര സംഘടനയായ ‘അമ്മ’ എങ്ങനെ സമീപിക്കുമെന്നും പറയാറായിട്ടില്ല. എന്നാല്‍ സംവിധായകന്‍ വിനയനെപ്പോലെ തിലകനും സിനിമാമേഖലയില്‍ ഏതാണ് ഒറ്റപ്പെട്ട നിലയിലാണ്. താരസംഘടനയും തിലകനെ കൈവിടാനാണ് സാധ്യത.
ആലപ്പുഴ: മമ്മൂട്ടിക്കെതിരെ നടന്‍ തിലകന്‍ പരസ്യമായി രംഗത്തെത്തി. സൂര്യാഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തിലാണ് മമ്മൂട്ടിക്കെതിരെ തിലകന്‍ ആഞ്ഞടിച്ചത്. മലയാള സിനിമയിലെ അസമത്വത്തിനും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തിയ താന്‍ കമ്യൂണിസ്റ്റുകാരനായിട്ടുകൂടി ഏറ്റവും വലിയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ചാനലും തന്നെ പിന്തുണച്ചില്ലെന്ന് തിലകന്‍ പറഞ്ഞു.
പാര്‍ട്ടിയിലും ചാനലിലും വ്യക്തമായ സ്വാധീനമുള്ള സൂപ്പര്‍ താരമാണ് ഇതിന് കാരണമെന്നും തിലകന്‍ പറഞ്ഞു. മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു രസതന്ത്രമുണ്ടാകാറുണ്ട്. കിരീടം, നരസിംഹം, അവസാനം പുറത്തിറങ്ങിയ ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രങ്ങളെല്ലാം ഇതിനുദാഹരണമാണ്. എന്നാല്‍ മറ്റൊരു സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ഇതൊന്നും ഉണ്ടാകാറില്ല. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ദ്രോണയില്‍ ഇത് വ്യക്തമാണ്. സൗഹാര്‍ദ അന്തരീക്ഷത്തിലല്ല ഈ ചിത്രം പൂര്‍ത്തിയാക്കിയതെന്നും തിലകന്‍ പറഞ്ഞു.
കൂളിങ് ഗ്ലാസ് വെച്ചാല്‍ നടനാകില്ലെന്ന് ഞാന്‍ നേരത്തെ മുതല്‍ പറയുന്നതാണ്. ഉപജാപക സംഘത്തിന്റെ തണലിലാണ് സൂപ്പര്‍ താരങ്ങള്‍. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇവര്‍ ചേരിതിരിവുണ്ടാക്കുന്നതിനെ പരസ്യമായി എതിര്‍ത്തപ്പോള്‍ തന്നെ ഭ്രാന്തനെന്ന് മുദ്രകുത്തുകയായിരുന്നു. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിനെ തുടര്‍ന്നാണ് തനിക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇതേ കാരണത്താലാണ് മാള അരവിന്ദന്‍, ക്യാപ്റ്റന്‍ രാജു, സ്ഫടികം ജോര്‍ജ് എന്നിവരെയും വിലക്കിയത്. അവര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലായെന്നത് ഭയാനകമാണ്.
സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കുന്ന ഒരു നടനുമായി പല ഘട്ടത്തിലും ഉരസലുണ്ടായിട്ടുണ്ട്. താന്‍ പകര്‍ന്ന് നല്‍കിയ മദ്യം കുടിച്ചിട്ടുള്ള ആ നടന്‍ ഇപ്പോള്‍ തന്നെ മദ്യപാനിയെന്നാണ് വിശേഷിപ്പിക്കുന്നത്. അയാള്‍ എന്നെ ഗുരുസ്ഥാനത്ത് കാണുന്നുവെന്നാണ് പൊതുവേദികളില്‍ പറയുന്നത്. ഈ നടന്‍ ആരെന്ന് ചോദ്യമുയര്‍ന്നപ്പോള്‍ പറയാന്‍ സമയമായിട്ടില്ലെന്നും തിലകന്‍ പറഞ്ഞു.
നടനായതിനാല്‍ കക്ഷിരാഷ്ട്രീയത്തില്‍ വിശ്വാസമില്ല. താന്‍ നടത്തുന്ന ധര്‍മ സമരത്തെ ആര് പിന്തുണച്ചാലും സ്വീകരിക്കും. മരണത്തെ ഭയമില്ലാത്തതുകൊണ്ട് സ്വന്തം നിലപാടുകള്‍ക്ക് വേണ്ടി ഏതറ്റംവരെയും പോകും. ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്യില്ല. ഒരുപക്ഷേ, തിലകന്‍ എന്ന നടന്‍ ആത്മഹത്യ ചെയ്തേക്കാം.
സിനിമാ തൊഴിലാളികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുകൂട്ടരാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ പണം കണ്ടാല്‍ ഇവര്‍ക്ക് ഭ്രാന്തുവരും. പച്ചമാംസം ചുട്ടുതിന്നുന്നവരുടെ സംസ്കാരമാണ് ഫെഫ്ക ജനറല്‍ സെക്രട്ടറിക്കുള്ളതെന്നും തിലകന്‍ കുറ്റപ്പെടുത്തി. മലയാള സിനിമയിലെ ഒരു നടനും ഈ ഗതി വരാതിരിക്കാന്‍ രക്തസാക്ഷിയാകേണ്ടി വന്നാല്‍ അതിനും സന്തോഷമേയുള്ളൂവെന്നും തിലകന്‍ പറഞ്ഞു. പോലീസ് സംരക്ഷണയിലാണ് സംവാദം നടന്നത്.
ലണ്ടന്‍: വിദേശ വിദ്യാര്‍ഥിവിസകളുടെ എണ്ണം കുറയ്‌ക്കുന്നതിനു പുതിയ നടപടികളുണ്ടാകുമെന്നു ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി അലന്‍ ജോണ്‍സന്റെ അറിയിപ്പ്. അനഭിലഷണീയ മാര്‍ഗങ്ങളിലൂടെയുള്ള കുടിയേറ്റം തടയുന്നതിനു വേണ്ടിയാണിത്. ഉത്തരേന്ത്യക്കാര്‍ക്കു വിദ്യാര്‍ഥിവിസകള്‍ നല്‍കുന്നതു നിര്‍ത്തിവച്ചതിനു പിന്നാലേയാണു ജോണ്‍സന്റെ പ്രഖ്യാപനം.
ശരിക്കുമുള്ള വിദേശവിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതു തുടരുമെന്നു ജോണ്‍സണ്‍ പ്രസ്‌താവനയില്‍ പറയുന്നു.അതേസമയം, വിദ്യാര്‍ഥി വിസ വഴി ബ്രിട്ടനിലെത്തി തൊഴില്‍ ചെയ്‌ത് ഈ സംവിധാനത്തെ ദുരുപയോഗിക്കാനാഗ്രഹിക്കുന്നവര്‍ക്കു നേരേ കര്‍ശനമായിത്തന്നെ ഇടപെടും. പുതിയ നടപടിയനുസരിച്ച് ഇന്ത്യയടക്കം യൂറോപ്യന്‍ യൂണിയനു വെളിയില്‍നിന്നുള്ള വിദ്യാര്‍ഥികളെ സൂക്ഷ്‌മമായേ തെരഞ്ഞെടുക്കൂ.
ഇംഗ്ലീഷ് പ്രാവീണ്യം അളക്കുന്ന പരീക്ഷയ്‌ക്കു കാഠിന്യം കൂടും. ബിരുദതലത്തിനു താഴെയുള്ള കോഴ്‌സുകള്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആഴ്‌ചയില്‍ 10 മണിക്കൂര്‍ ജോലി ചെയ്യാനുള്ള അനുവാദമേയുണ്ടാകൂ. നിലവില്‍ ഇത് 20 മണിക്കൂറാണ്. ആറുമാസത്തില്‍ കുറവുള്ള കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് ആശ്രിതരെ രാജ്യത്തേക്കു കൊണ്ടുവരാനാകില്ല.
ബിരുദതലത്തിനു താഴെയുള്ള കോഴ്‌സുകള്‍ ചെയ്യുന്നവരുടെ ആശ്രിതരെ ജോലി ചെയ്യാനനുവദിക്കില്ല. ഇത്തരം വിദ്യാര്‍ഥികള്‍ക്കു വിസ അനുവദിക്കണമെങ്കില്‍ അവര്‍ അപേക്ഷിക്കുന്ന സ്‌ഥാപനം ‘ഹൈലി ട്രസ്‌റ്റഡ് സ്‌പോണ്‍സേഴ്‌സ്’ പട്ടികയില്‍ ബ്രിട്ടന്‍ അംഗീകരിച്ചതായിരിക്കണം.
ഒരു ഫാമിലി ബിസിനസിന് എത്രവര്‍ഷം പഴക്കമുണ്ടാവും? മൂന്നോ നാലോ തലമുറ. അല്ലെങ്കില്‍ 200-300 വര്‍ഷം; അല്ലേ? എന്നാല്‍ ജപ്പാനിലെ ഒരു കുടുംബം 46 തലമുറകളായി ഒരു ഹോട്ടല്‍ നടത്തിവരുന്നു. കൃത്യമായി പറഞ്ഞാല്‍ 1291 വര്‍ഷമായി ജപ്പാനിലെ കൊമാറ്റ്‌സുവിലുള്ള ഒരു കുടുംബം ഹോഷിയോക്കന്‍ എന്ന ഹോട്ടല്‍ നടത്തിവരികയാണ്. പഴയ കെട്ടിടത്തില്‍, പഴയ മട്ടില്‍ത്തന്നെയാണിപ്പോഴും ഹോഷിയോക്കന്‍ സ്‌ഥിതിചെയ്യുന്നത്. ചൂടുവെള്ളം ഒഴുകിവരുന്ന സ്‌പായുണ്ട്, ഹോട്ടലിനൊപ്പം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹോട്ടലും ഇതുതന്നെയാണ്.
എഡി. 718 ല്‍ ഒരു ബുദ്ധശിഷ്യനാണ് ഈ ഹോട്ടല്‍ സ്‌ഥാപിച്ചത്. തന്റെ വീടിനരികില്‍ ചൂടുനീരുറവയുണ്ടെന്ന് അദ്ദേഹത്തിന് സ്വപ്‌നദര്‍ശനം ലഭിക്കുകയായിരുനു. പിറ്റേന്ന് സ്വപ്‌നത്തില്‍ കണ്ട സ്‌ഥലം അദ്ദേഹം കണ്ടെത്തി അവിടെ പഴയ രീതിയിലുള്ള സ്‌പായും ഹോട്ടലും സ്‌ഥാപിക്കുകയായിരുന്നത്രേ. പിന്നീട് 46 തലമുറകള്‍ കൈമറിഞ്ഞപ്പോള്‍ ഹോഷിയോക്കന്‍ 100 മുറികളുള്ള ഹോട്ടലായി മാറി. രണ്ട് ഇന്‍ഡോര്‍ സ്‌പാകളുമുണ്ട്. 580 ഡോളറാണ് കുറഞ്ഞ മുറിവാടക.
ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം നേതാവ് എം വി ശ്രേയാംസ് കുമാറിന്‍റെ വയനാട് മീനങ്ങാടി കൃഷ്ണഗിരിയിലുള്ള ഭൂമി സി പി എം അറിവോടെ ആദിവാസികള്‍ കൈയേറി. ഇവിടുള്ള ശ്രേയാംസ്കുമാറിന്‍റെ ഭൂമി റവന്യൂ ഭൂമിയാണെന്ന് ആരോപിച്ചാണ് സ്ഥലം കൈയേറി കുടില്‍ കെട്ടുന്നത്.
സിപിഎം അനുകൂല സംഘടനയായ എ കെ എസ്സിന്‍റെ നേതൃത്വത്തിലാണ് മുപ്പതോളം ആദിവാസി കുടുംബങ്ങളുടെ കൈയേറ്റം. കഴിഞ്ഞയാഴ്ച ചേര്‍ന്ന ആദിവാസി ക്ഷേമ സഭ ജില്ലാ സമ്മേളനത്തിലാണ് ശ്രേയാംസ് കുമാറിന്‍റെ സ്ഥലം കൈയേറാനുള്ള തീരുമാനം ഉണ്ടായത്.
ഇതു സംബന്ധിച്ച് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് കൈയേറ്റക്കാരുടെ പക്ഷം. സംസ്ഥാനത്ത് കൈയേറ്റമൊഴിപ്പിക്കല്‍ വിഷയം തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്നണിയില്‍ നിന്ന് വിട്ടുപോയ വീരേന്ദ്രകുമാറിനെതിരെ സി പി എം നീക്കം നടത്തുന്നത്.
കേരളത്തെ പിടിച്ചുകുലുക്കിയ പോള്‍
സംസ്ഥാന പൊലീസ് അന്വേഷിച്ച് കണ്ടെത്തിയിരിക്കുന്ന തെളിവുകളും കൊലയ്ക്കുള്ള കാരണങ്ങളും ഒഴിവാക്കിക്കൊണ്ട് പുതിയൊരു അന്വേഷണം എന്ന നയമാണ് സിബിഐ കൈക്കൊണ്ടിരിക്കുന്നത് എന്നറിയുന്നു. പോള്‍ സഞ്ചരിച്ചിരുന്ന എന്‍ഡവര്‍ കാര്‍ ഇടിച്ച് വഴിയരുകില്‍ വീണ ബൈക്ക് യാത്രികന്‍ ആലപ്പുഴ തോണ്ടന്‍കുളങ്ങര സ്വദേശി ബിജുവിനെ പറ്റിയാണ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നത്.
ബിജുവിന്റെ ജീവിതപശ്ചാത്തലം അത്ര നല്ലതല്ലെന്ന് സിബിഐക്ക് മനസിലായിട്ടുണ്ട്. ആലപ്പുഴയിലും ചങ്ങനാശേരിയിലും ബിജുവിന്റെ പേരില്‍ കേസുകള്‍ ഉണ്ടായിരുന്നു. കേസിലെ ഒരു പ്രധാന സാക്ഷിയായ ബിജുവിപ്പോള്‍ ഗള്‍ഫിലാണുള്ളത്. കേസിലെ സാക്ഷികള്‍ക്ക് വിദേശത്ത് പോകാന്‍ നിയമാനുമതി ഉണ്ടെങ്കിലും ഈയടുത്തകാലത്ത് ഭാര്യയെയും ബിജു ഗള്‍ഫിലേക്ക് കൊണ്ടുപോയത് സംശയങ്ങള്‍ ഉണര്‍ത്തുന്നുണ്ട്.
പോള്‍ സഞ്ചരിച്ചിരുന്ന വാഹനം ബിജുവിനെ ഇടിച്ചുവെന്ന് പറയുന്ന കഥ തന്നെ സിബിഐ വിശ്വസിച്ച മട്ടില്ല. അപകടത്തില്‍ പെട്ട് കിടക്കുന്ന ബിജുവിനെ കണ്ട് മനസലിഞ്ഞ് പ്രതികാരം ചെയ്യാന്‍ പോയ ചങ്ങനാശേരി ക്വട്ടേഷന്‍ സംഘമാണ് പോളിനെ കൊലപ്പെടുത്തിയതെന്നാണ് സംസ്ഥാന പൊലീസിനെ കണ്ടെത്തല്‍. ബിജു സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ എന്‍ഡവര്‍ ഇടിച്ചതിന്റെ വലിയ പാടുകളൊന്നും ഉണ്ടായിരുന്നില്ല. ബിജുവിനും കാര്യമായ പരുക്കുകള്‍ ഉണ്ടായിരുന്നില്ല.
രാത്രിയില്‍ ആശുപത്രിയില്‍ എത്തുകയും അതേ രാത്രിതന്നെ ഡിസ്ചാര്‍ജ്ജ് വാങ്ങി വീട്ടില്‍ പോവുകയും ചെയ്തിരുന്നു. ഇതും സംശയമുണര്‍ത്തുന്നതാണ്. ഒരു പരിക്കും ഇല്ലാതെ വഴിയരുകില്‍ കിടന്നിരുന്ന ബിജുവിന് വേണ്ടിയാണോ ക്വട്ടേഷന്‍ സംഘം പ്രതികാരം ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെട്ടത് എന്ന ചോദ്യവും അവശേഷിക്കുന്നു.
എന്തായാലും ബിജു ഇടക്കിടെ സന്ദര്‍ശിച്ചിരുന്ന ആലപ്പുഴയിലെ ഒരു വന്‍ റിസോര്‍ട്ടില്‍ നിന്ന് സിബിഐ ചില വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പോള്‍ മരിക്കുന്നതിന് മുമ്പ് മാരാരിക്കുളത്തുള്ള ഒരു സ്ഥലം റിസോര്‍ട്ടിനായി വാങ്ങിയിരുന്നു. മഹിളാകോണ്‍ഗ്രസ് നേതാവിന്റെ മകള്‍ കാറില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ആത്മഹത്യാ പ്രേരണയ്‌ക്കു പിടിയിലായ വ്യക്തിയുടേതായിരുന്നു ഈ വസ്തു. ഈ വസ്തുവില്‍ വേറൊരു വ്യവസായലോബിക്കും കണ്ണുണ്ടായിരുന്നു എന്ന് പ്രചരിക്കുന്നുണ്ട്. ഇതാണോ പോളിന്റെ കൊലപാതകത്തിന് കാരണമായതെന്നും സിബിഐ അന്വേഷിക്കുന്നുണ്ട്.
പ്രാദേശിക പൊലീസിന്റെ നിഗമനങ്ങള്‍ക്കപ്പുറം മാധ്യമങ്ങളില്‍ വന്ന കഥകളും പലരും നല്‍കുന്ന സൂചനകളും സിബിഐ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും എന്നറിയുന്നു. പോളിന്റെ ഡ്രൈവര്‍ ഷിബു, സംഭവസമയം ഒപ്പമുണ്ടായിരുന്ന മനു, ബൈക്കപകടത്തില്‍പ്പെട്ട ബിജു എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിജസ്ഥിതി പുറത്തുകൊണ്ടുവരും എന്ന് സിബിഐ കരുതുന്നു. ആവശ്യമെങ്കില്‍ ഗള്‍ഫില്‍ നിന്ന് ബിജുവിനെ നാട്ടില്‍ വരുത്താനുള്ള നീക്കത്തിലാണ് സിബിഐ എന്നറിയുന്നു.
കടുകിടെ തെറ്റാതെ കേസന്വേഷണം നടത്തുന്ന സിബിഐ എഎസ്പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പോള്‍ മുത്തൂറ്റ് വധക്കേസിന്റെ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ശനിയാഴ്‌ച രാവിലെ അപ്രതീക്ഷിതമായി കേരളത്തിലെത്തി.
എറണാകുളം ജില്ലയിലെ ആലുവയ്‌ക്കടുത്തുള്ള എടത്തല ശിവഗിരി ആശ്രമം ഹാളില്‍ കെ.എസ്.യു വിന്റെ സംസ്ഥാന ക്യാമ്പ് നേരിട്ടു കാണാനാണ് രാഹുല്‍ പറന്നെത്തിയത്.
മുന്‍കൂട്ടി ആരെയും അറിയിച്ചുള്ള സന്ദര്‍ശനമായിരുന്നില്ല രാഹുലിന്റേത്. അതുകൊണ്ടുതന്നെ വന്നു കയറിയ വി ഐ പിയെ ക്കണ്ട് കുട്ടികള്‍ ഞെട്ടി. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെല്ലാം വിവരമറിഞ്ഞയുടന്‍ എടത്തലയിലേക്കു കുതിച്ചു. ആകെ ബഹളമയം. എടത്തല ടൗണില്‍ കൂടിനിന്ന നാട്ടുകാര്‍ക്കു മാത്രം കാര്യം മനസ്സിലായില്ല. അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു.. ഏതോ സിനിമാ ഷൂട്ടിംഗാണെന്നേയ്…
രാവിലെ 11 മണിക്ക് എടത്തലയില്‍ എത്തിയ രാഹുല്‍ ഒരു മണിക്ക് തിരിച്ചു പോയി. രാഹുലിന്റെ സ്വന്തം സുരക്ഷാ ടീമായ 35 അംഗ എസ്‌പിജി യും ഒപ്പമുണ്ടായിരുന്നു. എടത്തലയിലേക്കു വരും വഴി റോഡ് പുറമ്പോക്കുകളില്‍ ഇറങ്ങി കുട്ടികളോടു സംസാരിക്കാനും ഓട്ടോഗ്രാഫ് നല്‍കാനുമൊക്കെ രാഹുല്‍ സമയം കണ്ടെത്തി. ഇന്നലെ മുംബൈയില്‍ ബാല്‍ താക്കറെയുടെ ഭീഷണി പ്രസ്‌താവനകളെ അവഗണിച്ച് ലോക്കല്‍ ട്രെയിനിലും ബസ്സിലുമൊക്കെ യാത്ര ചെയ്‌ത് താരമായ ശേഷമാണ് എല്ലാവരെയും അമ്പരപ്പെടുത്തി രാഹുല്‍ ഗാന്ധി ഇന്നു കേരളത്തിലെത്തി മടങ്ങിയത്.
തമിഴ് സ്ത്രീകളെ പറ്റി
നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെങ്കിലും മാപ്പപേക്ഷിച്ച സ്ഥിതിക്ക് ക്ഷമിക്കാന്‍ തമിഴ് ജനത ബാധ്യസ്ഥരാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി. അണ്ണാദുരൈയുടെ ‘മറപ്പോം മന്നിപ്പോം’ (മറക്കാം മാപ്പുനല്‍കാം) എന്ന നയമനുസരിച്ച് ഈ വിവാദം ഇവിടെ വച്ച് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കരുണാനിധി പറഞ്ഞു.
ജയറാം മാപ്പുപറഞ്ഞതിന് ശേഷവും വീടുകയറി ആക്രമണം നടത്തിയ നടപടി പൈശാചികമാണെന്നും വീണ്ടും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ പൊലീസ് കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് അക്രമികള്‍ കരുതരുതെന്നും കരുണാനിധി പറഞ്ഞു.
വീടിന് നേരെ ആക്രമണമുണ്ടായ ഉടന്‍ തന്നെ താന്‍ നടത്തിയ വിവാദ പ്രസ്താവനയെ പറ്റി ജയറാം ഖേദം പ്രകടിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു. സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയുടെ കോഴിക്കോട്ടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ചെന്നൈയില്‍ പറന്നെത്തിയ ജയറാം ശനിയാഴ്ച വീണ്ടുമൊരു തവണ തമിഴ് ജനതയോട് മാപ്പപേക്ഷിക്കുകയുണ്ടായി. തന്റെ മാതൃഭാഷ തമിഴാണെന്നും താനൊരിക്കലും തമിഴരുടെ വികാരം മുറിപ്പെടുത്തില്ലെന്നും ജയറാം മാപ്പപേക്ഷയില്‍ പറഞ്ഞു.
കരുണാനിധി എഴുതിയ ‘പൊന്നര്‍ ശങ്കര്‍’ എന്ന ചരിത്രനോവല്‍ സിനിമയാവുമ്പോള്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നത് ജയറാമാണ് എന്ന കാര്യം ശ്രദ്ധേയമാണ്. പ്രശാന്ത് ഇരട്ട വേഷത്തില്‍ എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ഇരുപത് വയസുകാരനായിട്ടാണ് ജയറാം വേഷമിടുന്നത്.
