ബ്രിട്ടനിലെ മാഞ്ചസ്‌റ്റര്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി പരിശോധനയ്‌ക്കിടെ ഫുള്‍ബോഡി സ്‌കാനിങ്ങിന് വിധേയരാകാന്‍ വിസമ്മതിച്ച രണ്ട് മുസ്‌ലീം വനിതകളെ വിമാനത്തില്‍ കയറ്റാതെ തിരിച്ചയച്ചു. പകിസ്‌ഥാനിലേക്ക് പോകാനായാണ് ഇവര്‍ എയര്‍പോര്‍ട്ടിലെത്തിയത്. ഫുള്‍ബോഡി സ്‌കാനിങ് മതവിരുദ്ധമായതുകൊണ്ട് അതിനുവിധേയരാകാന്‍ പറ്റില്ലെന്നായിരുന്നു വനിതകളുടെ നിലപാട്. എന്നാല്‍ സ്‌കാനറിലൂടെ കടന്നുപോകാതെ വിമാനത്തില്‍ കയറ്റാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ നിയമമുണ്ട്. അതുകൊണ്ടുതന്നെ ഇരുവരെയും തിരിച്ചയയ്‌ക്കുകയായിരുന്നു. പാകിസ്‌ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇസ്‌ലാമാബാദിലേക്കാണ് ഇരുവരും ടിക്കറ്റ് എടുത്തിരുന്നത്
ഭീകരവാദത്തിന്റെ പശ്‌ചാത്തലത്തില്‍ എല്ലാ യാത്രക്കാരെയും സ്‌കാനിങ്ങിന് വിധേയരാക്കി മാത്രം യാത്രചെയ്യാനനുവദിച്ചാല്‍ മതിയെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമം നിലവില്‍വന്നതിനുശേഷം വിവിധ രാജ്യക്കാരും വിവിധമതസ്‌ഥരുമായ 15,000 പേര്‍ സ്‌കാനിങ്ങിലൂടെ കടന്നുപോയിട്ടുണ്ടെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
എന്നാല്‍ യാത്രക്കാരന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്തിന്റേയും എക്‌സ്‌റേ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്ന സ്‌കാനര്‍ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമായും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്‌കാനറുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
