ഹോളിവുഡ് ചിത്രത്തില്‍ നിന്ന് തിലകനെ ഒഴിവാക്കിയ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇപ്പോഴിതാ, തിലകന്‍ അഭിനയിക്കാനിരുന്ന കഥാപാത്രത്തിനായി പുതിയ താരത്തെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നു. ഹിന്ദി നടന്‍ രജത് കപൂറാണ് തിലകന് പകരക്കാരനായി ‘ഡാം 999’ എന്ന സിനിമയില്‍ ഇടം പിടിച്ചിരിക്കുന്നത്.
മറ്റൊരു വേഷം ചെയ്യാനായി ആദ്യം തന്നെ ഈ ചിത്രത്തിലേക്ക് രജത് കപൂറിനെ പരിഗണിച്ചിരുന്നു. എന്നാല്‍, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തിലകനെ സിനിമാസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംവിധായകന്‍ സോഹന്‍ റോയിക്ക് ഒഴിവാക്കേണ്ടി വന്നു. തിലകനെ മാറ്റിയപ്പോള്‍ അതേ റേഞ്ചിലുള്ള ഒരു നടനെ തേടി സംവിധായകനും അണിയറ പ്രവര്‍ത്തകരും ശ്രമങ്ങളാരംഭിച്ചു. പക്ഷേ, അത് അത്ര എളുപ്പമായിരുന്നില്ല.
ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞിരുന്നതിനാല്‍ ഉടന്‍ തന്നെ ഒരു നടനെ കണ്ടെത്തേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയുള്ള അന്വേഷണങ്ങള്‍ക്കൊടുവിലാണ്, മറ്റൊരു കഥാപാത്രം ചെയ്യാനായി നിശ്ചയിച്ചിരുന്ന രജത് കപൂര്‍ പ്രധാന വേഷം ചെയ്യട്ടെ എന്ന് സംവിധായകന്‍ തീരുമാനിച്ചത്.
ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി തിലകന്‍ മാര്‍ച്ച് ഒന്നു മുതല്‍ ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു. ഈ ഹോട്ടല്‍ ബില്ല് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെ നല്‍കും. മാത്രമല്ല, തിലകന്‍റെ ഇത്രയും ദിവസത്തെ ഡേറ്റ് പാഴാക്കിയതിനുള്ള നഷ്ടപരിഹാരവും അദ്ദേഹത്തിന് നല്‍കുമെന്നാണ് സൂചന. ഒന്നരലക്‍ഷത്തോളം രൂപ ഈ ചിത്രത്തിനു വേണ്ടി തിലകന് അഡ്വാന്‍സ് നല്‍കിയിരുന്നു. അത് തിരികെ വാങ്ങില്ലെന്നും അറിയുന്നു
