സിനിമാതാരങ്ങളും ‘ആള്‍ദൈവങ്ങളും’ തമ്മില്‍ അവിശുദ്ധബന്ധമുണ്ടെന്ന് പരക്കെ അഭിപ്രായമുണ്ട്. കേരളത്തില്‍ പല നടിമാര്‍ക്കും ‘പൂജ’ ചെയ്തുകൊടുത്ത് അവസാനം പൂജപ്പുര ജയിലില്‍ ഗോതമ്പുണ്ട തിന്നുന്ന സന്തോഷ് മാധവന്‍ തൊട്ട് നടി രഞ്ജിതയോടൊപ്പം വീഡിയോ ക്ലിപ്പില്‍ ഭക്തര്‍ക്ക് ദര്‍ശനം കൊടുക്കുകയും ആളുകള്‍ തല്ലിക്കൊല്ലുമെന്ന നിലയായപ്പോള്‍ മുങ്ങുകയും ചെയ്ത നിത്യാനന്ദ പരമഹംസ സ്വാമികള്‍ വരെ ‘ആത്മീയ-സിനിമാലോക’ അവിശുദ്ധബന്ധത്തിന് മികച്ച ഉദാഹരണങ്ങളാണ്.
എന്തായാലും ഇനി കുറേ നാളത്തേക്ക് നിത്യാനന്ദ തന്നെയായിരിക്കും മാധ്യമങ്ങളും ശ്രദ്ധാകേന്ദ്രം. കയ്യില്‍ കിട്ടുന്ന സെലിബ്രിറ്റികളോടെല്ലാം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ‘നിത്യാനന്ദാ’ ചോദ്യം ചോദിക്കാനുണ്ടായിരിക്കും. നിത്യാനന്ദ വിവാദം നീറിക്കത്തിക്കൊണ്ടിരിക്കുന്ന ചെന്നൈയില്‍ ഒരു പ്രസ് മീറ്റിനെത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍താരം ത്രിഷയ്ക്കും കിട്ടി ചില ‘നിത്യാനന്ദ’ ചോദ്യങ്ങള്‍. ‘സ്വാമിമാരില്‍ നല്ലവരും ഉണ്ടായിരിക്കുമല്ലോ, അത്തരത്തിലുള്ള ഏത് സ്വാമിയാണ് ത്രിഷയുടെ ഗുരു’ എന്നാണ് ഒരു മാധ്യമവീരന്‍ ത്രിഷയോട് ചോദിച്ചത്.
“സ്വാമിമാരോ ഫൂ! മനുഷ്യന്‍ എപ്പോഴെങ്കിലും ദൈവമായി മാറിയതായി ഞാന്‍ എവിടെയും വായിച്ചിട്ടില്ല. പക്ഷേ, ചില വിരുതന്മാര്‍ ദൈവമാണെന്നും ദൈവത്തിന്റെ പ്രതിപുരുഷനാണെന്നും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു. ഇവരെ വിശ്വസിക്കരുതെന്ന് മാത്രമല്ല, ഇവരുടെ ഏഴകലത്ത് പോലും നമ്മള്‍ പോകരുത്. ഒരു സ്വാമിയെയും ഞാന്‍ വിശ്വസിക്കുന്നില്ല. ഇതുവരെയും ഒരു സ്വാമിയുടെ പക്കലും ഞാന്‍ പോയിട്ടില്ല, ഇനി പോവുകയുമില്ല.”
“രഞ്ജിതയുടെ ക്ലിപ്പിംഗുകള്‍ ടിവിയിലൂടെയും നെറ്റിലൂടെയും പ്രചരിക്കുന്നതില്‍ എനിക്ക് വിഷമമുണ്ട്. ഇതില്‍ മാധ്യമങ്ങളെ എല്ലാവരും കുറ്റം പറയുന്നു. എന്നാല്‍ ഞാനൊരിക്കലും ഇക്കാര്യത്തില്‍ മാധ്യമങ്ങളെ കുറ്റം പറയില്ല. നടിമാര്‍ തന്നെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്. മേലും കീഴും ചിന്തിക്കാതെ നടിമാര്‍ എന്തെങ്കിലും ചെയ്താല്‍ അതിന്റെ ഫലം പിന്നീട് അനുഭവിക്കേണ്ടിവരും.” – ത്രിഷ തന്റെ നയം വ്യക്തമാക്കി.
