ക്രെഡിറ്റ്‌ – ഡെബിറ്റ്‌ കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന മെഷീനുകള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നതായി ഡല്‍ഹി പൊലീസ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. കൈവെള്ളയോളം പോന്ന `മാഗ്‌നറ്റിക്‌ സ്‌ട്രൈപ്‌ റീഡര്‍ 20 റൈറ്റര്‍’ അഥവാ എം.എസ്‌.ആര്‍.ഡബ്ല്യൂ വളരെ കുറഞ്ഞ വിലയ്‌ക്ക്‌ ചൈനയില്‍നിന്ന്‌ ഇന്ത്യയിലേക്ക്‌ പ്രവഹിക്കുകയാണ്‌. ഈ ഉപകരണത്തില്‍ ക്രെഡിറ്റ്‌ – ഡെബിറ്റ്‌ കാര്‍ഡുകള്‍ `സൈ്വപ്പ്‌’ ചെയ്‌താല്‍ അഥവാ ഉരച്ചാല്‍ കാര്‍ഡിലെ വിവരങ്ങള്‍ മുഴുവന്‍ ഉപകരണത്തിനു ലഭിക്കും. ഈ വിവരങ്ങള്‍ മുഴുവന്‍ ഡീകോഡ്‌ ചെയ്‌ത്‌ ഉപകരണം സൂക്ഷിക്കും. കാര്‍ഡുകളുടെ രഹസ്യ പിന്‍ നമ്പര്‍പോലും ഇങ്ങനെ അറിയാന്‍ പറ്റും. എന്നിട്ട്‌ ഈ വിവരങ്ങള്‍ മറ്റൊരു കാര്‍ഡിലേക്ക്‌ പകര്‍ന്നാല്‍ നിങ്ങളുടെ ക്രെഡിറ്റ്‌ കാര്‍ഡുപോലെ ആ കാര്‍ഡും ഉപയോഗിച്ച്‌ തുടങ്ങാം.
ഡെല്‍ഹിയില്‍ ഷാനവാസ്‌ ഖാന്‍, സഹോദരന്‍ ഷബീര്‍ ഖാന്‍, മുഹമ്മദ്‌ അഫാഖ്‌ എന്നീ യുവാക്കള്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ്‌ നടത്തി പിടിയിലായപ്പോഴാണ്‌ പൊലീസിന്‌ കാര്‍ഡ്‌ റീഡറുകള്‍ വ്യാപകമായ വിവരം ശ്രദ്ധയില്‍പ്പെട്ടത്‌. തങ്ങളുടെ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ക്കു പകരം മറ്റാരോ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കൊണാട്ട്‌ പ്ലേസ്‌ പൊലീസ്‌ സ്‌റ്റേഷനില്‍ മാത്രം 170 പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ പരാതിപ്പെട്ടവരുടെ ആരുടെയും ക്രെഡിറ്റ്‌ കാര്‍ഡുകള്‍ നഷ്‌ടപ്പെട്ടിരുന്നുമില്ല.
ക്രെഡിറ്റ്‌ കാര്‍ഡിലെ കറുത്ത നിറമുള്ള മാഗ്‌നറ്റിക്‌ സ്‌ട്രിപ്പിലാണ്‌ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്‌. മാഗ്‌നറ്റിക്‌ സ്‌ട്രൈപ്‌ റീഡറില്‍ ഈ ഭാഗമാണ്‌ ഉരയ്‌ക്കുന്നത്‌. ഉടനടി തന്നെ പ്ലാസ്‌റ്റിക്‌ കാര്‍ഡുകളിലേക്ക്‌ ഈ വിവരങ്ങള്‍ മാറ്റും. ക്രെഡിറ്റ്‌ കാര്‍ഡിന്റെ രൂപഭാവങ്ങളുള്ള പ്ലാസ്‌റ്റിക്‌ കാര്‍ഡ്‌ തുടര്‍ന്ന്‌ ക്രെഡിറ്റ്‌ കാര്‍ഡായി ഉപയോഗിച്ചു തുടങ്ങാം.
ഹോട്ടലുകളിലും ഷോപ്പിങ്‌ സ്‌ഥലങ്ങളിലും മറ്റും കണ്‍മുന്നില്‍ വെച്ചു മാത്രമേ ക്രെഡിറ്റ്‌ – ഡെബിറ്റ്‌ കാര്‍ഡുകള്‍ സൈ്വപ്‌ ചെയ്യാന്‍ നല്‍കാവൂ എന്ന്‌ ഡെല്‍ഹി പൊലീസ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.