പ്രമുഖ ബാങ്കുകളുടെ വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കി ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. പ്രമുഖ ഇന്ത്യന്‍ ബാങ്കുകളുടെ ഒരു ഡസനോളം വ്യാജ വെബ്‌സൈറ്റുകളാണ് ഇത്തരത്തിലുള്ളതെന്ന് ബാങ്കിങ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് അപരസൈറ്റുകളുടെ ഉപദ്രവം നേരിടുന്നത്.
ബാങ്കുകളുടെ യഥാര്‍ത്ഥ സൈറ്റാണെന്ന് കരുതി ഇന്റര്‍നെറ്റ് മുഖേനയുള്ള ഇടപാടുകള്‍ക്കായി ലോഗിന്‍ പേരും പാസ്‌വേഡും ടൈപ്പ് ചെയ്യുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. ഉടനടി ചോര്‍ത്തപ്പെടുന്ന ഈ വിവരങ്ങള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ അക്കൗണ്ടില്‍ നിന്നും പണം മാറ്റുകയാണ് പതിവ്. ഇത്തരത്തില്‍ ദിനംപ്രതി നിരവധി പേരാണ് ഇന്ത്യയില്‍ തട്ടിപ്പിനിരയാകുന്നത്. നിരവധി മുന്‍കരുതലുകള്‍ ഇതിനെതിരെ ബാങ്കുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും സൈറ്റുകളുടെ നിജസ്ഥിതി അറിയാതെ ഇതില്‍ പ്രവേശിക്കുന്നവര്‍ ഇപ്പോഴും വര്‍ധിക്കുകയാണ്.
വെബ്‌സൈറ്റിന്റെ അഡ്രസിന് മുമ്പ് എച്ച്‌ടിടിപിഎസ് എന്ന് കാണിച്ചിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തിയാല്‍ ഒരു പരിധി വരെ തട്ടിപ്പ് തടയാനാകും. വ്യാജ സൈറ്റുകള്‍ക്ക് എച്ച്‌ടിടിപി എന്നു മാത്രമേ ഉണ്ടാവുകയുള്ളൂ. ഓണ്‍ലൈന്‍ ബാങ്കിങിന് ഇന്റര്‍നെറ്റ് കഫേകളും പൊതു കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നത് ഒഴിവാക്കുക, ബാങ്കിന്റെ വെബ്‌സൈറ്റുകള്‍ ഫേവറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ് തട്ടിപ്പ് തടയാന്‍ ഇടപാടുകാര്‍ക്ക് സ്വീകരിക്കാവുന്ന മറ്റ് മുന്‍കരുതലുകള്‍.
കോടിക്കണക്കിന് രൂപ ഇത്തരം വ്യാജവെബ്‌സൈറ്റുകള്‍ വഴി ചോര്‍ത്തുന്നതിനെതിരെ ബാങ്കുകളുടെ നടപടി കേവലം മുന്നറിയിപ്പുകളിലൊതുങ്ങുകയാണെന്ന ആക്ഷേപമുണ്ട്. ഇടപാടുകാര്‍ കബളിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത മുഖ്യമായും ബാങ്ക് അധികൃതര്‍ക്കാണെന്നിരിക്കെ ഇതിന് ബാങ്കുകള്‍ തയാറാകുന്നില്ലെന്നാണ് ആരോപണം. സുരക്ഷിതമായ ലോഗിന്‍ നിര്‍വഹിക്കുന്നതിന് നിരവധി സംവിധാനങ്ങളുണ്ടെങ്കിലും ഇവ നടപ്പാക്കാന്‍ ബാങ്കുകള്‍ തയാറാകുന്നില്ല. ലോകത്ത് മറ്റ് പലയിടത്തും ആധുനിക ബാങ്കുകള്‍ ഇത്തരം സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. |
|