തമിഴ് സ്ത്രീകളെ പറ്റി നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെങ്കിലും മാപ്പപേക്ഷിച്ച സ്ഥിതിക്ക് ക്ഷമിക്കാന്‍ തമിഴ് ജനത ബാധ്യസ്ഥരാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി. അണ്ണാദുരൈയുടെ ‘മറപ്പോം മന്നിപ്പോം’ (മറക്കാം മാപ്പുനല്‍‌കാം) എന്ന നയമനുസരിച്ച് ഈ വിവാദം ഇവിടെ വച്ച് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കരുണാനിധി പറഞ്ഞു.

ജയറാം മാപ്പുപറഞ്ഞതിന് ശേഷവും വീടുകയറി ആക്രമണം നടത്തിയ നടപടി പൈശാചികമാണെന്നും വീണ്ടും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ പൊലീസ് കയ്യും‌കെട്ടി നോക്കിയിരിക്കുമെന്ന് അക്രമികള്‍ കരുതരുതെന്നും കരുണാനിധി പറഞ്ഞു.

വീടിന് നേരെ ആക്രമണമുണ്ടായ ഉടന്‍ തന്നെ താന്‍ നടത്തിയ വിവാദ പ്രസ്താവനയെ പറ്റി ജയറാം ഖേദം പ്രകടിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു. സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയുടെ കോഴിക്കോട്ടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ചെന്നൈയില്‍ പറന്നെത്തിയ ജയറാം ശനിയാഴ്ച വീണ്ടുമൊരു തവണ തമിഴ് ജനതയോട് മാപ്പപേക്ഷിക്കുകയുണ്ടായി. തന്റെ മാതൃഭാഷ തമിഴാണെന്നും താനൊരിക്കലും തമിഴരുടെ വികാരം മുറിപ്പെടുത്തില്ലെന്നും ജയറാം മാപ്പപേക്ഷയില്‍ പറഞ്ഞു.

കരുണാനിധി എഴുതിയ ‘പൊന്നര്‍ ശങ്കര്‍’ എന്ന ചരിത്രനോവല്‍ സിനിമയാവുമ്പോള്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നത് ജയറാമാണ് എന്ന കാര്യം ശ്രദ്ധേയമാണ്. പ്രശാന്ത് ഇരട്ട വേഷത്തില്‍ എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ഇരുപത് വയസുകാരനായിട്ടാണ് ജയറാം വേഷമിടുന്നത്.