ഒരു ഫാമിലി ബിസിനസിന്‌ എത്രവര്‍ഷം പഴക്കമുണ്ടാവും? മൂന്നോ നാലോ തലമുറ. അല്ലെങ്കില്‍ 200-300 വര്‍ഷം; അല്ലേ? എന്നാല്‍ ജപ്പാനിലെ ഒരു കുടുംബം 46 തലമുറകളായി ഒരു ഹോട്ടല്‍ നടത്തിവരുന്നു. കൃത്യമായി പറഞ്ഞാല്‍ 1291 വര്‍ഷമായി ജപ്പാനിലെ കൊമാറ്റ്‌സുവിലുള്ള ഒരു കുടുംബം ഹോഷിയോക്കന്‍ എന്ന ഹോട്ടല്‍ നടത്തിവരികയാണ്‌. പഴയ കെട്ടിടത്തില്‍, പഴയ മട്ടില്‍ത്തന്നെയാണിപ്പോഴും ഹോഷിയോക്കന്‍ സ്‌ഥിതിചെയ്യുന്നത്‌. ചൂടുവെള്ളം ഒഴുകിവരുന്ന സ്‌പായുണ്ട്‌, ഹോട്ടലിനൊപ്പം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹോട്ടലും ഇതുതന്നെയാണ്‌.
എഡി. 718 ല്‍ ഒരു ബുദ്ധശിഷ്യനാണ്‌ ഈ ഹോട്ടല്‍ സ്‌ഥാപിച്ചത്‌. തന്റെ വീടിനരികില്‍ ചൂടുനീരുറവയുണ്ടെന്ന്‌ അദ്ദേഹത്തിന്‌ സ്വപ്‌നദര്‍ശനം ലഭിക്കുകയായിരുനു. പിറ്റേന്ന്‌ സ്വപ്‌നത്തില്‍ കണ്ട സ്‌ഥലം അദ്ദേഹം കണ്ടെത്തി അവിടെ പഴയ രീതിയിലുള്ള സ്‌പായും ഹോട്ടലും സ്‌ഥാപിക്കുകയായിരുന്നത്രേ. പിന്നീട്‌ 46 തലമുറകള്‍ കൈമറിഞ്ഞപ്പോള്‍ ഹോഷിയോക്കന്‍ 100 മുറികളുള്ള ഹോട്ടലായി മാറി. രണ്ട്‌ ഇന്‍ഡോര്‍ സ്‌പാകളുമുണ്ട്‌. 580 ഡോളറാണ്‌ കുറഞ്ഞ മുറിവാടക.