നടന്‍ തിലകനെതിരെ ശക്തമായ നടപടിക്ക് സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക ഒരുങ്ങുന്നു. ഫെഫ്കയ്ക്കും മമ്മൂട്ടിക്കുമെതിരെ തിലകന്‍ നടത്തിയ പരസ്യപ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് നടപടി.
ഫെഫ്കയ്ക്കും സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കുമെതിരെ തിലകന്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഫെഫ്ക തിലകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിലകന്‍ അതിന് തയ്യാറായില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
തിലകനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ഫെഫ്കയുടെ അടുത്ത ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ തീരുമാനമാകും. എന്നാല്‍ ഫെഫ്കയുടെ അറിയിപ്പിനോട് തിലകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മമ്മൂട്ടിയും ഫെഫ്കയും തന്നെ സിനിമയില്‍ നിന്ന് വിലക്കുകയാണെന്നും ആ വിലക്കുകള്‍ക്കെതിരെ ഉപരോധമുള്‍പ്പടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും തിലകന്‍ പ്രസ്താവിച്ചിരുന്നു. മാത്രമല്ല, മമ്മൂട്ടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ തിലകന്‍ ആരോപണമുന്നയിക്കുകയുണ്ടായി. ഇത് പിന്‍വലിക്കണമെന്നാണ് ഫെഫ്കയുടെ ആവശ്യം.
എന്നാല്‍ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്ക് ഏതു രീതിയിലാണ് തിലകനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുക എന്ന് വ്യക്തമല്ല. ഈ നടപടിയെ താര സംഘടനയായ ‘അമ്മ’ എങ്ങനെ സമീപിക്കുമെന്നും പറയാറായിട്ടില്ല. എന്നാല്‍ സംവിധായകന്‍ വിനയനെപ്പോലെ തിലകനും സിനിമാമേഖലയില്‍ ഏതാണ് ഒറ്റപ്പെട്ട നിലയിലാണ്. താരസംഘടനയും തിലകനെ കൈവിടാനാണ് സാധ്യത.
