‘സാഗര്‍ എലിയാസ് ജാക്കി’ ഹിറ്റ് സിനിമയായിരുന്നെന്ന് സംവിധായകന്‍ അമല്‍ നീരദ്. ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമല്‍ തന്‍റെ ചിത്രം വിജയമായിരുന്നെന്ന അവകാശവാദം ഉന്നയിച്ചത്.

“വിമര്‍ശനങ്ങള്‍ ഏറെ ഉണ്ടായെങ്കിലും കാശുണ്ടാക്കിയ ചിത്രമാണ് സാഗര്‍ എലിയാസ് ജാക്കി. ആ സിനിമയ്ക്ക് ചില കുഴപ്പങ്ങള്‍ ഉണ്ടായിരുന്നതായി ഞാന്‍ സമ്മതിക്കുന്നു. മലയാള സിനിമയുടെ ചട്ടക്കൂട്ടിലേക്ക് ജാക്കിയെ ഒതുക്കി നിര്‍ത്താന്‍ ഞാന്‍ നിര്‍ബന്ധിതനായി. അത് എത്രമാത്രം ശരിയായെന്ന് എനിക്ക് സംശയമുണ്ട്” – അമല്‍ നീരദ് പറയുന്നു.

ആദ്യ സിനിമയായ ‘ബിഗ് ബി’ കഴിഞ്ഞ് ഒന്നര വര്‍ഷത്തോളം സിനിമ ചെയ്യാതെ ഇരിക്കുകയായിരുന്നു താനെന്നും അതിനാലാണ് സാഗര്‍ എലിയാസ് ജാക്കി പാളിപ്പോയതെന്നും അമല്‍ നീരദ് ന്യായീകരിക്കുന്നുമുണ്ട്. തന്‍റെ പുതിയ ചിത്രമായ ‘അന്‍‌വര്‍’ ജാക്കിക്കു പറ്റിയ പാളിച്ചകള്‍ പരിഹരിച്ചുകൊണ്ടാണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അമല്‍ പറയുന്നു. മൂന്നരക്കോടി രൂപയില്‍ താഴെ മാത്രമായിരിക്കും അന്‍‌വറിന്‍റെ നിര്‍മ്മാണച്ചെലവെന്നും അമല്‍ ഉറപ്പിച്ചു പറയുന്നു.

ഏറെ ഫ്ലക്സിബിളായ മോഹന്‍ലാല്‍ എന്ന നടനെ തീര്‍ത്തും ഉപയോഗിക്കാതെ ലാലെന്ന താരത്തെ മാത്രം മുന്നില്‍ കണ്ട് സൃഷ്ടിച്ച ചിത്രമായിരുന്നു സാഗര്‍ എലിയാസ് ജാക്കി. സ്ലോമോഷന്‍ രംഗങ്ങള്‍ പ്രേക്ഷകരുടെ ക്ഷമ കെടുത്തുന്ന വിധത്തില്‍ കുത്തിനിറച്ചു. ആറുകോടിയിലധികം മുതല്‍ മുടക്കിയാണ് ആന്‍റണി പെരുമ്പാവൂര്‍ സാഗര്‍ എലിയാസ് ജാക്കി നിര്‍മ്മിച്ചത്. എന്നാല്‍ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന മെഗാഹിറ്റിന്‍റെ പേര് കളയാന്‍ മാത്രമേ ഈ രണ്ടാം ഭാഗം സഹായകമായുള്ളൂ.