തിരുവനന്തപുരം: വീട്ടുകാരുമായി പിണങ്ങി നാടുവിട്ട കോളേജ് വിദ്യാര്‍ത്ഥിയെ 12 വര്‍ഷങ്ങള്‍ക്കു ശേഷം സൈബര്‍ പൊലീസ് കണ്ടെത്തി. പത്തനംതിട്ട കുളനട കൈപ്പുഴ നോര്‍ത്ത് വാലുകാട്ടില്‍ വീട്ടില്‍ വി.വി. കോരുതിന്റെ മകന്‍ ജിമ്മി കോരുതിനെ (33) ആണ് സൈബര്‍ സാങ്കേതികവിദ്യയിലൂടെ ചെന്നൈയില്‍ വച്ച് പൊലീസ് കണ്ടെത്തിയത്.
കാണാതായ ഒരാളെ സൈബര്‍ സാങ്കേതികതയിലൂടെ കണ്ടെത്തുന്നത് രാജ്യത്ത് ആദ്യമാണെന്ന് സൈബര്‍ സെല്ലിന്റെ ചുമതലയുള്ള ഐ.ജി ടോമിന്‍ തച്ചങ്കരി പറഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് ആയ ‘ഓര്‍ക്കുട്ടി’ല്‍ ജിമ്മി തുറന്ന പ്രൊഫൈല്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്.
മാര്‍ ഇവാനിയോസ് കോളേജില്‍ അവസാനവര്‍ഷ ബി.എസ്സി മാത്ത്സിനു പഠിക്കവേ വീട്ടുകാര്‍ ശകാരിച്ചതിന്റെ പേരില്‍ 1998 നവംബര്‍ 29നാണ് ജിമ്മി നാടുവിട്ടത്. അന്ന് 21 വയസ്സായിരുന്നു ജിമ്മിക്ക്. തന്നെ അന്വേഷിക്കേണ്ടെന്ന് വീട്ടിലും ഹോസ്റ്റലിലും കത്തെഴുതിവച്ചിട്ടാണ് ജിമ്മി പോയത്. വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. പിന്നീടൊരിക്കല്‍പ്പോലും സഹപാഠികളെയോ ബന്ധുക്കളെയോ വിളിക്കാനും ജിമ്മി ശ്രമിച്ചില്ല. തെളിയാത്ത കേസായി പന്തളം പൊലീസ് ഒടുവില്‍ ജിമ്മിയെ എഴുതിത്തള്ളി.
ഏതാനും മാസം മുമ്പ് ഇന്റര്‍നെറ്റില്‍ ജിമ്മിയുടെ പേരിലുള്ള ഓര്‍ക്കുട്ട് പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ട ഒരു ബന്ധുവാണ് വിവരം പന്തളം പൊലീസിനെ അറിയിച്ചത്. കേസ് പിന്നീട് സൈബര്‍ പൊലീസിനു കൈമാറി. കഴിഞ്ഞ ജനുവരി ആറിനാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.
ജിമ്മി കോരുത് എന്ന പേരിലുള്ള ഓര്‍ക്കുട്ട് അക്കൌണ്ട് 2008 ഒക്ടോബറിലാണ് ഓപ്പണ്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. അക്കൌണ്ട് ക്രിയേറ്റ് ചെയ്ത സൈബര്‍ കഫേ തിരിച്ചറിഞ്ഞെങ്കിലും ഇതിനിടെ കഫേ പൂട്ടിപ്പോയിരുന്നു. അക്കൌണ്ട് തുറക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് യാഹു മെയില്‍ ആണെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് യാഹു ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ടു. ഈ ഇ- മെയില്‍ ലോഗ് ചെയ്യാന്‍ ഉപയോഗിച്ച കംപ്യൂട്ടറുകളുടെ ഐ.പി അഡ്രസ്സുകള്‍ കണ്ടെത്തി. ചെന്നൈ അഡയാറിലെ ഒരു സൈബര്‍ കഫേയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തവണ ലോഗിന്‍ ചെയ്തിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. അവസാനമായി ലോഗിന്‍ ചെയ്തിരിക്കുന്നതും അവിടെനിന്നുതന്നെ.
സൈബര്‍പൊലീസ് ജിമ്മിയുടെ പിതാവ് വി.വി. കോരുതിനെയും കൂട്ടി സൈബര്‍ കഫേയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഉപയോക്താക്കളുടെ മേല്‍വിലാസം രേഖപ്പെടുത്തുന്നതിനൊപ്പം ഇവിടെ വീഡിയോ റിക്കാര്‍ഡിംഗും നടത്തുമായിരുന്നു. പിതാവും പൊലീസും കഫേയില്‍ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് ജിമ്മി ഇവിടെയെത്തി മടങ്ങിപ്പോയതായി അറിഞ്ഞു. സൈബര്‍ കഫേയിലെ കംപ്യൂട്ടറില്‍ ശേഖരിച്ച വീഡിയോയില്‍ മകന്റെ ചിത്രം പിതാവ് തിരിച്ചറിഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡായി നല്കിയ ഡ്രൈവിംഗ് ലൈസന്‍സിലെ വിവരങ്ങള്‍ പിന്തുടര്‍ന്ന പൊലീസ് ചെന്നൈ ശാസ്ത്രി നഗറില്‍ നിന്ന് കഴിഞ്ഞദിവസം ജിമ്മിയെ കണ്ടെത്തുകയായിരുന്നു.
നാട്ടില്‍നിന്ന് പോയ ശേഷം ഗോവയിലും മറ്റും വിവിധ ജോലികള്‍ ചെയ്ത് ചെന്നൈയിലെത്തിയ ജിമ്മി പൊലീസ് കണ്ടെത്തുമ്പോള്‍ അവിടെ ഒരു കാള്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയ മകനെ തിരിച്ചുകിട്ടിയ ആഹ്ളാദത്തിലായിരുന്നു പിതാവ് വി.വി. കോരുത്. സൈബര്‍ പൊലീസ് ആസ്ഥാനത്ത് ഇന്നലെ പോലീസ് നടത്തിയ പത്രസമ്മേളനത്തില്‍ ജിമ്മിക്കൊപ്പം പിതാവും എത്തിയിരുന്നു.
ഇനി മുതല്‍ വീട്ടുകാര്‍ ഫോണ്‍നമ്പറിനൊപ്പം മക്കളുടെ ഇ- മെയില്‍ വിലാസം കൂടി വീട്ടില്‍ എഴുതിവയ്ക്കണമെന്ന് ഐ.ജി ടോമിന്‍ തച്ചങ്കരി പറഞ്ഞു. എസ്.സി.ആര്‍.ബി എസ്.പി ഗിരിജാനാഥന്‍ നായരുടെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഡിവൈ.എസ്.പി ജെ.സുകുമാരപിള്ള, സി.ഐ ഇ.എസ്. ബിജുമോന്‍, അജിത് മോഹന്‍, പന്തളം സി.ഐ സക്കറിയ മാത്യു എന്നിവരാണ് അന്വേഷണം നടത്തിയത്.
